ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയെന്ന് ടി.ജി. നന്ദകുമാർ; അനില്‍ ആന്‍റണിക്കെതിരായ തെളിവുകളും പുറത്തുവിട്ടു

Tuesday, April 23, 2024

 

ന്യൂഡല്‍ഹി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ തന്‍റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ലെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാർ. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. തൃശൂരിൽ ഒരു ഭൂമി നൽകാമെന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് എസ്ബിഐ ശാഖയിൽനിന്നാണ് പണം അയച്ചത്. എന്നാൽ സ്ഥലം കാണാൻ ചെന്നപ്പോൾ മറ്റു രണ്ടുപേരുമായി ഈ ഭൂമി നൽകാമെന്നു പറഞ്ഞ് ഇടപാട് നടത്തിയതായി വ്യക്തമായി. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം നൽകാമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നതെന്നും നന്ദകുമാർ വെളിപ്പെടുത്തി. വാങ്ങിയ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നൽകിയിട്ടില്ലെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.

 

 

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണിക്കെതിരായ ആരോപണവും നന്ദകുമാർ ആവർത്തിച്ചു. അനിൽ നിയമനത്തിനായി ഇടപെട്ട സ്റ്റാന്‍ഡിംഗ് കൗൺസിലിന്‍റെ ഇന്‍റർവ്യൂ കോൾ ലെറ്ററിന്‍റെ പകർപ്പ് കൈയിലുണ്ടെന്ന് നന്ദകുമാർ പറഞ്ഞു. സ്റ്റാൻഡിംഗ് കൗൺസിൽ ഇന്‍റർവ്യൂ കോൾ ലെറ്ററും ഫോൺ രേഖകളും ചില ഫോട്ടോകളും നന്ദകുമാർ പുറത്തുവിട്ടു. ആൻഡ്രൂസ് ആന്‍റണിയാണ് അനിൽ ആന്‍റണിയുടെ പുതിയ ദല്ലാൾ.  മോദിയും ആൻഡ്രൂസും അനിൽ ആന്‍റണിയും ചേർന്നുളള ഫോട്ടോയും നന്ദകുമാർ പുറത്തുവിട്ടു.