‘നോമിനേഷന്‍ കൊടുക്കേണ്ട ദിവസം ബിജെപി സ്ഥാനാര്‍ത്ഥിയെ എവിടുന്നേലും തപ്പിയെടുത്ത് നിര്‍ത്തും’; നേതൃത്വത്തിനെതിരെ ടി.ജി മോഹന്‍ദാസ്

Jaihind Webdesk
Saturday, May 7, 2022

 

തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോഴും ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ നിലകൊള്ളുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് ടി.ജി മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി ആരെന്ന് നോമിനേഷന്‍ കൊടുക്കുന്ന ദിവസമേ അറിയാന്‍ കഴിയൂ എന്ന് ടി.ജി മോഹന്‍ദാസ് പരിഹസിച്ചു.

”നോമിനേഷൻ കൊടുക്കേണ്ട ദിവസം രാവിലെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി ആരെന്നറിയാം. പിന്നെ അയാൾ എവിടെയുണ്ടെന്ന് തപ്പിയെടുത്ത് വരണാധികാരിയുടെ മുമ്പിൽ ചെല്ലുമ്പോൾ മണി 2.55. ഒപ്പില്ല മൊളകില്ല എന്നൊക്കെ പറഞ്ഞ് പത്രിക തള്ളും. അപ്പ ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി ഇപ്പ റെഡിയാക്കി വെച്ചോ…” – ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

‘ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ മകന്‍റെ കല്യാണത്തിരക്കിലായിരുന്നു. ഇനി വിരുന്നും കൂടി കഴിഞ്ഞാലേ തൃക്കാക്കര തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കൂ’ എന്നാണ് ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റുകളുടെ താഴെ നിരവധി പ്രവര്‍ത്തകരാണ് നേതൃത്വത്തിനെതിരെ കമന്‍റുകളിടുന്നത്. അണികളെ വിഡ്ഡികളാക്കുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. സിപിഎമ്മുമായുള്ള ഒത്തുകളിയാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നിസംഗതയും ഇടതുസ്ഥാനാര്‍ത്ഥിയെക്കുറിച്ച് പി.സി ജോര്‍ജിന്‍റെ പുകഴ്ത്തലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ‘എന്‍റെ സ്വന്തം പയ്യനാണ്’ എന്നായിരുന്നു ബിജെപി അനുഭാവം പുലര്‍ത്തുന്ന പി.സി ജോര്‍ജിന്‍റെ പ്രതികരണം. പി.സി ജോര്‍ജിന്‍റെ അറസ്റ്റ് ഉള്‍പ്പെടെ നാടകമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവും ചൂണ്ടിക്കാട്ടി. എന്തായാലും തൃക്കാക്കരയിലെ ബിജെപി നാടകം എന്തിനുവേണ്ടിയെന്നാണ് ചില പ്രവര്‍ത്തകരെങ്കിലും ചോദിക്കുന്നത്.