പാഠപുസ്തക വിതരണം അവതാളത്തില്‍: പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കളും അധ്യാപകരും; പ്രതിഷേധം ശക്തം

Jaihind News Bureau
Thursday, June 18, 2020

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച്‌ ഒരാഴ്ച പിന്നിട്ടിട്ടും പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാരിന്‍റെ ഈ നിലപാടിനെതിരെ രക്ഷിതാക്കളെ അണിചേർത്ത് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ.

കൊവിഡ് വൈറസിന്‍റെ വ്യാപനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയപ്പോൾ പ്രതിസന്ധിയിലായതു സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ കുട്ടികളാണ്. പാഠപുസ്തകവും ലഭിക്കാതായതോടെ കുട്ടികളുടെ ആശങ്ക വർധിച്ചു. പത്താം ക്ലാസ്‌ വിദ്യാർത്ഥികളിൽ പാഠപുസ്തകങ്ങളുടെ അപര്യാപ്തത ഉണ്ടാക്കുന്ന മാനസിക സംഘർഷവും ചെറുതല്ല. മാർച്ച്‌ മാസത്തിൽ തന്നെ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്കൂൾ അടയ്ക്കും മുമ്പ് പുസ്തകങ്ങൾ എത്തിക്കുമെന്നായിരുന്നു. വിദ്യാഭ്യാസരംഗത്തെ തന്നെ തകർക്കുന്ന സർക്കാർ നിലപാടിനെതിരെ രക്ഷിതാക്കളെ കൂടി അണി ചേർത്ത് പ്രതിഷേധം നടത്തുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി അരവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ചരക്ക് ഗതാഗതം സുഗമമായി പ്രവർത്തിക്കുന്ന സാഹചര്യത്തിലും പുസ്തകങ്ങൾ
വാഹനങ്ങളിൽ എത്തിക്കാൻ കഴിയാത്തതാണ് പുസ്തക വിതരണം മുടങ്ങാൻ കാരണമെന്നാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. സർക്കാർ കണക്ക് പ്രകാരം 2,65, 000 കുട്ടികളാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ പോലുമില്ലാതെ ദുരിതത്തിലായത്. ഓൺലൈൻ പഠനം കാര്യക്ഷമമാവണമെങ്കിൽ പുസ്തകങ്ങൾ കൂടി വേണമെന്ന യാഥാർഥ്യത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.