ചെന്നൈ : രാമേശ്വരം ലക്ഷ്യമാക്കി ആയുധങ്ങളുമായി ബോട്ട് നീങ്ങുന്നെന്ന കേന്ദ്ര ഇന്‍റലിജന്‍സ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്, കേരള തീരമേഖലകളില്‍ സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള സേനകള്‍ കടലില്‍ നിരീക്ഷണം നടത്തുന്നു.
ശ്രീലങ്കയിൽ നിന്നുമാണ് നുഴഞ്ഞു കയറ്റ ശ്രമത്തിന് സാധ്യതയുള്ളത് എന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. സംഘം ആയുധങ്ങളുമായി ബോട്ടിൽ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഏത് ഭീകര സംഘടനയിൽപ്പെട്ടവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ പൊലീസ് സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരമായ ചെന്നൈ, കന്യാകുമാരി, രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളെല്ലാം അതീവ സുരക്ഷയിലാണ്. ഇന്നലെ വൈകിട്ടോടെയാണ് സംസ്ഥാനത്തേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയത്.
തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തീരമേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ പട്രോളിംഗ് സംഘത്തെ തീരമേഖലകളിൽ വിന്യസിച്ചതായി പോലീസ് അറിയിച്ചു. തീരപ്രദേശത്ത് ജാഗ്രത പാലിക്കാൻ കേരളത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.