ചെന്നൈ: കൊയമ്പത്തൂർ ഉക്കടത്ത് ടൗൺ ഹാളിന് സമീപം കാറിനുള്ളിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. എൻജിനീയറിംങ് ബിരുദധാരിയായ ജമേഷ മുബിൻ ആണ് മരിച്ചത്.
2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണ് മരിച്ചതെന്നും ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന് ശേഷവും പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങൾക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസിന്‍റെ നിഗമനം.
സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്‍റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ടർ കൂടി കാറിനകത്ത് കണ്ടെത്തി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പോലീസ്.
പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്‌നാട് ഡിജിപി സി. ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. എഡിജിപി കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുകയാണ്. എയ്ഡ്‌പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്‌ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ ജമേഷ ലക്ഷ്യമിട്ടതെന്നാണ് നിഗമനം.