‘ഭരണത്തില്‍ കുടുംബാധിപത്യം’ ; യെദ്യൂരപ്പയ്ക്ക് പദ്മവ്യൂഹം തീർത്ത് സ്വന്തം എം.എല്‍.എമാര്‍

 

ബംഗളുരു : കർണാടകയില്‍ യെദ്യൂരപ്പക്കെതിരെ ബി.ജെ.പിയിലെ വിമത എം.എല്‍.എമാരുടെ പടയൊരുക്കം. ഭരണനിര്‍വഹണത്തില്‍ യെദ്യൂരപ്പ തികഞ്ഞ പരാജയമെന്ന് ചൂണ്ടിക്കാട്ടി 16 എം.എല്‍.എമാര്‍ രംഗത്തെത്തി. ഭരണത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം കൈ കടത്തുകയാണെന്നും എം.എല്‍.എമാരെ ബഹുമാനത്തോടെ കാണുന്നില്ല എന്നുമാണ് വിമർശനം. നിയമസഭാ കക്ഷി യോഗത്തിനിടെയായിരുന്നു യെദ്യൂരപ്പയെ അമ്പരപ്പിച്ചുകൊണ്ട് എം.എല്‍.എമാര്‍  രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

ഭരണകാര്യങ്ങളില്‍ യെദ്യൂരപ്പയുടെ കുടുംബം ഇടപെടുന്നു എന്ന് യോഗത്തില്‍ ആക്ഷേപമുയർന്നു. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര ഭരണകാര്യങ്ങളില്‍ കൈകടത്തുന്നതായി എം.എല്‍.എമാർ ആരോപിച്ചു. മറ്റ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും കാര്യങ്ങളില്‍ ഇടപെടുന്നതായും ഭരണനിര്‍വഹണ കാര്യത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പരാജയമാണെന്നും എം.എല്‍.എമാർ കുറ്റപ്പെടുത്തി. മന്ത്രിസഭാ പുനഃസംഘടന നടന്നപ്പോള്‍ വർഷങ്ങളായി ബി.ജെ.പിയിലുള്ള നേതാക്കളെ പരിഗണിച്ചില്ലെന്നും പരാതി നിലനില്‍ക്കുന്നുണ്ട്.

തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ മുന്നില്‍വെച്ച് യെദ്യൂരപ്പ അധിക്ഷേപിക്കുന്നതായും ചില എം.എല്‍.എമാര്‍ പറയുന്നു. ഇത് തങ്ങളോടുള്ള അവഹേളനമാണെന്നും യെദ്യൂരപ്പയുടെ ധാർഷ്ട്യം സഹിക്കാനാവുന്നതല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തു. യെദ്യൂരപ്പ അനുകൂലികളായിരുന്ന ചില എം.എല്‍.എമാരും ഇപ്പോള്‍ വിമത പക്ഷത്തുണ്ടെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

yeddiyurappa
Comments (0)
Add Comment