അതിര്‍ത്തി തര്‍ക്കത്തെ ചൊല്ലിയുള്ള തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷം ഏറ്റുമുട്ടലിലേക്ക്. തായ്ലന്‍ഡ് സൈന്യം കംബോഡിയന്‍ അതിര്‍ത്തിയില്‍ ബോംബിട്ടതായി ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പന്ത്രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റതായും തായ് സൈന്യം വ്യക്തമാക്കി.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തി. തായ്ലന്‍ഡിന്റെ നടപടി കംബോഡിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കംബോഡിയ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
ജൂലൈ 24 ന് രാവിലെ കംബോഡിയന്‍ സൈന്യം തായ് സൈനിക താവളത്തിന് നേരെ കനത്ത പീരങ്കിയാക്രമണം നടത്തിയതായി തായ്ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് മറുപടിയായാണ് തായ്ലന്‍ഡിന്റെ വ്യോമാക്രമണം. കംബോഡിയ ആക്രമണം തുടര്‍ന്നാല്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് തായ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പ്രകോപനമില്ലാതെ തായ്ലന്‍ഡ് നടത്തിയ ആക്രമണത്തിന് സ്വയം പ്രതിരോധത്തിനായി പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.