റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിച്ചു

റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിച്ചു. മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ വിരമിക്കുമ്പോൾ 373ാം റാങ്കിലായിരുന്നു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപണിന്റെ ആദ്യ റൗണ്ടിൽ തന്നെ ഷറപ്പോവ തോറ്റ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിന്റെ പ്രശ്നങ്ങളും വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് കാരണമായി.

32കാരിയായ ഷറപ്പോവയുടെ അഞ്ച് തവണ ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ഉതള്ളത്. 2014ൽ ഫ്രഞ്ച് ഓപ്പൺ വിജയിച്ചതാണ് അവസാനമായി നേടിയ ഗ്രാൻഡ് സ്ലാം കിരീടം. വികാര നിർഭരമായ ഒരു കുറിപ്പോടെയാണ് താരം വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.

2004ൽ തന്‍റെ 17-ആം വയസിൽ അന്ന് ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്ല്യംസിനെ അട്ടിമറിച്ച് വിംബിൾഡൺ കിരീടം നേടിയാണ് ഷറപ്പോവ വാർത്തകളിൽ നിറഞ്ഞത്. 2005ൽ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് ഫ്രഞ്ച് ഓപൺ, ഓരോ തവണ വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപൺ, യുഎസ് ഓപൺ കിരീടങ്ങൾ നേടി കരിയർ സ്ലാം തികയ്ക്കാനും ഷറപ്പോവയ്ക്ക് സാധിച്ചു.

2016ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നത് ഷറപ്പോവയുടെ കരിയറിനെ ശരിക്കും ബാധിച്ചു. 15 മാസമായി വിലക്ക് ഇളവ് ചെയ്ത് നൽകിയെങ്കിലും തിരിച്ചു വരവിൽ കാര്യമായി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ റഷ്യൻ താരത്തിന് സാധിച്ചിരുന്നില്ല.

Maria Sharapova
Comments (0)
Add Comment