
തെങ്കാശിയില്‍ ഇന്ന് രാവിലെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 28 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അതിവേഗതയില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ആറുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മധുര-ചെങ്കോട്ട ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പരിക്കേറ്റ 28 യാത്രക്കാരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.