തെലങ്കാന വിജയം; താരമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍

Jaihind Webdesk
Sunday, December 3, 2023

 

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി കോൺഗ്രസ് ചരിത്രം കുറിച്ചപ്പോൾ കേരളത്തില്‍ നിന്നുള്ള ചില നേതാക്കളുടെ സാമീപ്യമാണ് ശ്രദ്ധേയമാകുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ എംപി തുടങ്ങിയവരുടെ പ്രവർത്തനവും സാമീപ്യവും തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിന് കൂടുതൽ കരുത്തേകി. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും കളംനിറഞ്ഞതോടെ തെലങ്കാന വിജയത്തിന് മധുരമേറി.

സ്ഥാനാർത്ഥി നിർണ്ണയം മുതൽ എല്ലാ മേഖലയിലും കോൺഗ്രസിന്‍റെ ചിട്ടയായ പ്രവർത്തനത്തിനാണ് തെലങ്കാന സാക്ഷ്യം വഹിച്ചത്. കെ. മുരളീധരൻ എംപിയായിരുന്നു തെലങ്കാനയിലെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ. വിമതപ്രശ്നങ്ങളൊന്നുമില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതിന് പിന്നില്‍ കെ. മുരളീധരന്‍ എംപിയുടെ പങ്ക് ചെറുതല്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണം ആവേശമാക്കി. വോട്ടെണ്ണലിനോടനുബന്ധിച്ച് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തിൽ നിന്ന് കെ. മുരളീധരൻ എംപി എന്നിവരടക്കം അഞ്ചു നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയെ സംസ്ഥാനത്തിന്‍റെ പ്രത്യേക നിരീക്ഷകനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി എന്ന നിലയില്‍ പി.സി വിഷ്ണുനാഥ് തെലങ്കാന കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാം ഏകോപിപ്പിച്ചു കൊണ്ട് കെസി വേണുഗോപാൽ എംപിയും മുന്നിൽ നിന്ന് പടനയിച്ചപ്പോൾ കോൺഗ്രസ് ചരിത്ര വിജയം സ്വന്തമാക്കി.

തെലങ്കാനയിലെ ജയം കോൺഗ്രസിന് കരുത്തേകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു. കർണ്ണാടക മോഡൽ പ്രഖ്യാപനവും വാഗ്ദാനം യാഥാർത്ഥ്യമാക്കലുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിൽ ശ്രദ്ധേയനായി. കോൺഗ്രസ് തേരോട്ടത്തിൽ തകർന്നടിഞ്ഞത് ബിആർഎസിന്‍റെ കോട്ടയായിരുന്നു. ബിജെപി ചിത്രത്തിലേ ഇല്ലാതായി. വ്യക്തമായ ലീഡോടെയാണ് കോൺഗ്രസ് കുതിപ്പ് നടത്തിയത്. ജനക്ഷേമപരമായ കോൺഗ്രസിന്‍റെ വാഗ്ദാനങ്ങൾ തെലങ്കാനയിലെ ജനം ഏറ്റെടുത്തു എന്നതു തന്നെയാണ് തെലങ്കാനയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ബിആർഎസിന്‍റെയും കെ. ചന്ദ്രശേഖര റാവുവിന്‍റെയും മൂന്നാമൂഴം എന്ന മോഹത്തെ തകർത്തെറിഞ്ഞാണ് കോൺഗ്രസ് തെലങ്കാനയിൽ ചരിത്രം രചിച്ചത്.