തേജസിന്‍റേത് പ്രണയ പക; കൊലപാതകം ആസൂത്രിതമെന്ന് എഫ്‌ഐആര്‍

Jaihind News Bureau
Tuesday, March 18, 2025

കൊല്ലത്തെ കോളേജ് വിദ്യാർത്ഥിയുടെ അരും കൊലയ്ക്ക് കാരണം മരിച്ച ഫെബിൻ്റെ സഹോദരി
പ്രതിയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹം ഉറപ്പിച്ചതിലുള്ള പകയെന്ന് എഫ്ഐആർ റിപ്പോർട്ട്. പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ കൊലപ്പെടുത്തുവാൻ ലക്ഷ്യമിട്ടായിരുന്നു പ്രതി പർദ ധരിച്ച് ഇന്ധനവുമായി അതിക്രമത്തിന് എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം.

കൊല്ലം ഉളിയക്കോവിൽ നാടിനെ നടുക്കിയ കോളേജ് വിദ്യാർഥിയുടെ കൊലപാതക കാരണം കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിലുള്ള പ്രതിയുടെ പ്രണയ പകയെന്ന് വ്യക്തമാവുകയാണ്. കൊലയ്ക്കു ശേഷം ട്രെയിനുമുന്നിൽ ചാടി മരിച്ച പ്രതി നീണ്ടകര സ്വദേശി തേജസ് രാജിൻ്റെയും ഒപ്പം പഠിച്ച ഫെബിൻ്റെ സഹോദരിയുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. സമീപകാലത്ത് ഇതിൽ നിന്ന് പിൻവാങ്ങി പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിലുള്ള പകയാണ് ആരും കൊലയിൽ എത്തിച്ചതെന്നാണ് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ കൊലപ്പെടുത്തുവാൻ ലക്ഷ്യമിട്ടായിരുന്നു പ്രതി പർദ ധരിച്ച് ഇന്ധനവുമായി അതിക്രമത്തിന് എത്തിയതെന്നാണ് നിഗമനം. കൊലക്കുശേഷം കാറിൽ രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ കൂടിയായ പ്രതിയെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫെബിന്‍റെ പിതാവിനെയായിരുന്നു പ്രതി ആദ്യം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.

നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകൾ നെഞ്ചിലേറ്റാണ് ഫെബിൻ കൊല്ലപ്പെട്ടത്. കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള പോലീസിന്‍റെ വിശദ അന്വേഷണം തുടരുകയാണ്.