ടെക്‌നോസിറ്റിയിലെ കളിമണ്‍ ഖനനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ഖനന നടപടികൾ കെംഡല്‍ ഒരു മാസം മുന്‍പേ ആരംഭിച്ചു, കൂടുതൽ തെളിവുകൾ പുറത്ത്| VIDEO

Jaihind News Bureau
Friday, July 3, 2020

ടെക്‌നോസിറ്റി കളിമണ്‍ ഖനനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ഖനന നടപടികള്‍ കെംഡല്‍ ഒരുമാസം മുന്‍പേ ആരംഭിച്ചതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. ഖനനവുമായി ബന്ധപ്പെട്ട് കെംഡല്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗവും വിളിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് കെംഡൽ ചെയർമാൻ അയച്ച കത്തിന്‍റെ പകർപ്പ് ജയ്‌ഹിന്ദ്‌ ന്യൂസിന് ലഭിച്ചു.  ടെക്നോസിറ്റിയിൽ  കളിമൺ കളിമൺ ഖനനവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചയ്ക്കാണ് യോഗം വിളിച്ചതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഖനനനീക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഖനനത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.  എന്നാല്‍ ഖനനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെംഡൽ യോഗം വിളിച്ചത് വ്യവസായ വകുപ്പിന്‍റെ അറിവോടെയാണെന്ന കാര്യത്തിൽ സംശയമില്ല. സിപി.എം നേതാവാണ് കെംഡലിന്‍റെ  ചെയർമാൻ. ടെക്‌നോസിറ്റിയുടെ ഭൂമിയിലെ ഖനനമെന്ന ഏക അജണ്ട വച്ചാണ് കെംഡൽ അടുത്തിടെ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു.