സങ്കേതിക തരാര്‍ കൂടിപ്രതിസന്ധി ഉയര്‍ത്തുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ കൂടുതല്‍ അവതാളത്തിലായി. ഇതോടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.
വ്യാപകമായ തെറ്റുകളും ക്രമക്കേടുകളുമായി അബദ്ധ പഞ്ചാംഗമായി മാറിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളും തുടരുകയാണ്. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കുവാനുള്ള സമയം അനുവദിച്ചിരുന്നത്. ഈ മാസ്സം 7 ന് ഈ സമയപരിധി അവസാനിക്കാനിരിക്കെ സാങ്കേതിക തകരാര്‍ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാര്‍ മൂലം തടസം നേരിട്ടിരുന്നു. പേര് ചേര്‍ക്കാനുള്ള അവസാന തീയതി അടുക്കുമ്പോള്‍ സാങ്കേതിക തകരാര്‍ രൂക്ഷമായതോടെ പ്രതിസന്ധി ഏറുകയാണ്.
പല സ്ഥലങ്ങളിലും വെബ്‌സൈറ്റ് ഹാങ്ങ് ആകുകയും വോട്ട് ചേര്‍ക്കല്‍ പ്രക്രിയ മുടങ്ങുകയും ചെയ്യുന്നതായ പരാതി ഉയരുകയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത നിരവധി പേരുടെ വോട്ട്, നിലവിലെ ലിസ്റ്റില്‍ വിട്ട് പോയ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. നേരത്തെ തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു മാസം സാവകാശം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ നിയമപരമായി അതിനെ നേരിടുമെന്നും പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മതിയായ സാവകാശം നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ശക്തമാവുകയാണ്.