തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചു. സാങ്കേതികമായ തകരാറുമൂലം ആണ് റേഷൻ കാർഡ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചത്. റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍ഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തിവെക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
മസ്റ്ററിംഗിന് മണിക്കൂറുകൾ എടുക്കുന്നു എന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. കൂടാതെ സാങ്കേതികമായി പല വീഴ്ചകളും ഉണ്ടെന്ന് റേഷൻ കാർഡ് ഉടമകൾ ചുണ്ടിക്കാണിച്ചിരുന്നു. ഇന്ന് മഞ്ഞ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ആണ് നടക്കാനിരുന്നത്. മസ്റ്ററിംഗ് നിർത്തിയതാടെ റേഷൻ വിതരണം പുനരാരംഭിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതിനുശേഷമേ മസ്റ്ററിംഗ് പുനഃരാരംഭിക്കുകയുള്ളൂ.
മസ്റ്ററിംഗ് നിർത്തിവെച്ചെങ്കിലും മുടങ്ങിക്കിടന്ന റേഷൻ വിതരണം പുനഃരാരംഭിച്ചത് റേഷൻ ഉപവാക്താക്കൾക്കിടയിൽ ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ സപ്ലൈകോ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും വിതരണക്കാർ അവശ്യവസ്തുക്കളുടെ വിതരണം നിർത്തിവെച്ചതും റേഷൻ കാർഡ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണണം എന്നാണ് ഇവരുടെ ആവശ്യം. എന്നാൽ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി ഇതുവരെ യാതൊരു നടപടിയും ഭക്ഷ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.