അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജുമായ മാത്യൂ സി.ആറിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യഞ്ജലി. ജയ്ഹിന്ദ് ടിവിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ജയ്ഹിന്ദ് കുടുംബാംഗങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒട്ടറെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന്‌ന കഴിഞ്ഞ ദിവസം അന്തരിച്ച മാത്യൂ സി.ആറിന്റെ ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് പി എം ജി ജംഗ്ഷനിലെ ജയ്ഹിന്ദ് ടിവി കോര്‍പ്പറേറ്റ് ഓഫീസിലേക്ക് കൊണ്ടുവന്നത്.മാത്യു സിആറിന്റെ കര്‍മ്മ മണ്ഡലമായ ജയ് ഹിന്ദ് ടിവിയിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം സഹപ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.
മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി എം സുധീരനും കെ മുരളീധരനും മുന്‍മന്ത്രി വിഎസ് ശിവകുമാറും മുന്‍ എം പി എന്‍ പിതാംബരകുറുപ്പും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടനവധി പ്രമുഖര്‍ ജയ് ഹിന്ദ് ടിവി ഓഫീസില്‍എത്തി മാത്യുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മാത്യുവിന്റെ കര്‍മ്മനിരതമായ മാധ്യമപ്രവര്‍ത്തനത്തെ ഇവര്‍ അനുസ്മരിച്ചു.
ജയ്ഹിന്ദ് ടിവിക്ക് വേണ്ടി മാനേജിങ് ഡയറക്ടര്‍ ഡോ.ബി എസ്സ് ഷിജു പുഷ്പചക്രമര്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കര്‍മ്മനിരതമായ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപ്രവര്‍ത്തകന് വികാരവായ്‌പോടെ ജയ്ഹിന്ദ് കുടുംബാംഗങ്ങള്‍ വിട പറഞ്ഞു. രണ്ടു ദിവസം മുമ്പു പോലും ന്യൂസ് ഡെസ്‌ക്കില്‍ ഉണ്ടായിരുന്ന മാത്യുവിന്റ വിയോഗം ഇനിയും വിശ്വസിക്കാനാവാത്ത നിലയിലാണ് സഹപ്രവര്‍ത്തകര്‍.