ഏകദിന ലോകകപ്പ് പോരാട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്കു യാത്ര തിരിച്ചു. ഇന്ത്യയുടെ യാത്രയ്ക്കു മുന്പ് ഇന്നലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. ഈ മാസം മുപ്പതിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
നാലാം നമ്പറിലെ പ്രശ്‌നങ്ങളും കേദാർ ജാദവിൻറെ പരിക്കും ഐപിഎലിൽ കുൽദീപ് യാദവിന്‍റെ നിറംമങ്ങിയ പ്രകടനവുമെല്ലാമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. മൂന്ന് ലോകകപ്പ് കളിച്ച പരിചയം കോഹ്ലിക്കുണ്ടെങ്കിലും ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്‍റെ ആദ്യ പോരാട്ടമാണിത്. ലോകകപ്പിൽ സമ്മർദം അതിജീവിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് വിരാട് കോഹ്ലി പറഞ്ഞു. മികച്ച കളി കാഴ്ചവയ്ക്കുക മാത്രമാണ് ലോകകപ്പിൽ ചെയ്യാൻ സാധിക്കുക. അതിനായാണ് ടീം പുറപ്പെടുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂൺ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ, 25ന് ന്യൂസിലൻഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. 1983നും 2011നും ശേഷം മൂന്നാം തവണയും ലോക കിരീടം ഇന്ത്യയിലേക്ക് വരുന്നതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.
ഇത്തവണത്തെ ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിലാണ്. ഗ്രൂപ്പ് ആയി ടീമുകളെ തിരിക്കാതെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. 1992 ലോകകപ്പിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ലോക പോരാട്ടം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുന്നത്.