ഇന്ത്യന്‍ സായുധ സൈന്യത്തിന് ആദരം അര്‍പ്പിച്ച് ടീംഇന്ത്യ; മാച്ച് ഫീ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും

Jaihind Webdesk
Friday, March 8, 2019

റാഞ്ചിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം  റാഞ്ചിയില്‍ തുടങ്ങി.  ഇന്ത്യന്‍ സായുധ സൈന്യത്തിനുളള ആദരമെന്ന നിലയില്‍ സൈനിക തൊപ്പി ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മഹേന്ദ്രസിംഗ് ധോണിയാണ് സൈനിക തൊപ്പി കൈമാറിയത്. ഇന്നത്തെ മല്‍സരത്തില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് കോഹ്‌ലി അറിയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ കടുത്ത ഫോമിലാണ്. 26 ഓവര്‍ പിന്നിടുമ്പോള്‍ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും തകര്‍ത്ത് മുന്നേറുകയാണ്. ഇതുവരെ വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ 162റണ്‍സാണ് ഓസ്‌ട്രേലിയ വാരി കൂട്ടിയിരിക്കുന്നത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സന്‍ കളിക്കും.