എസ് എഫ് ഐ നേതാക്കൾക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാൻ അധ്യാപകർ തയാറാകുന്നു; എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്

Jaihind Webdesk
Tuesday, June 6, 2023

കൊച്ചി: എസ് എഫ് ഐ നേതാക്കൾക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാൻ അധ്യാപകർ തയാറാകുന്നുവെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംസ്‌ഥാന സെക്രട്ടറി ആർഷോയെ ജയിപ്പിച്ചതും എസ് എഫ് ഐ നേതാവ് വിദ്യയ്ക്ക് അനർഹമായി എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയതും ഇതിനു തെളിവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ് എഫ് ഐക്കാർക്ക് എന്തും ചെയ്യാവുന്ന തരത്തിലേക്ക് മഹാരാജാസ് കോളേജിനെ അധഃപതിപ്പിച്ചത് അധ്യാപകരും ജീവനക്കാരും ചേർന്നാണ്. പരീക്ഷ എഴുതാതെ എസ്‌എഫ് ഐ നേതാക്കളെ ജയിപ്പിക്കുന്നതും ക്‌ളാസിൽ പോലും കയറാത്ത എസ് എഫ് ഐക്കാരെ മാർക്ക്ദാനവും അനർഹമായ പരിഗണനകളും നൽകി ജയിപ്പിക്കുന്നത് മഹാരാജാസ് കോളേജിൽ പതിവാണ്. ഇത് സംബന്ധിച്ച് വിദ്യാർഥികൾ നേരത്തെ തന്നെ പരാതി നല്കിയിട്ടുള്ളതാണ്. വിദ്യ നൽകിയിട്ടുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ജനം വിശ്വസിക്കില്ല. ഇതിൽ ആർഷോയുടെയും എസ് എഫ് ഐയുടെയും പങ്ക് അന്വേഷിക്കണം. കോളേജിന്റെ സീലും ലെറ്റർപാഡുമൊക്കെ എസ് എഫ് ഐ ദുരുപയോഗപ്പെടുത്തുകയാണ്. അധ്യാപകർ ഇതിനെല്ലാം കൂട്ട് നിൽക്കുന്നു. കലാലയങ്ങളിൽ എസ് എഫ് ഐക്കാർക്ക് ഒരു നിയമവും മറ്റു വിദ്യാർഥികൾക്ക് മറ്റൊരു നിയമവുമാണ്.

ഗവേഷണവും നിയമനവും അടക്കമുള്ള അക്കാദമിക് തലങ്ങളിലെല്ലാം വഴിവിട്ട് എസ് എഫ് ഐക്കാരെ കുത്തിനിറയ്ക്കുകയാണ്. അക്കാദമിക് മേഖലയാകെ കുത്തഴിഞ്ഞ നിലയിലാണ്. മിടുക്കരായ വിദ്യാർഥികളെയെല്ലാം മാറ്റിനിർത്തിയാണ് ക്ലാസിൽ കയറുകയോ പരീക്ഷ എഴുതുകയോ ചെയ്യാത്ത എസ് എഫ് ഐക്കാരെ എല്ലായിടത്തും തിരുകി കയറ്റുന്നതെന്നും ഷിയാസ് ആരോപിച്ചു.