അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെതിരെ പൊലീസിന് പരാതി നൽകി

Jaihind Webdesk
Monday, September 24, 2018

ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ അധ്യാപികമാരെ അധിക്ഷേപിച്ച് സംസാരിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷിന് എതിരെ അധ്യാപികമാർ പൊലീസിന് പരാതി നൽകി. ഇതു സംബന്ധിച്ച വാർത്ത ജയ്ഹിന്ദ് ടിവിയാണ് പുറത്ത് വിട്ടത്.

ഈ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. കോളജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിലാണ് അധ്യാപികമാർ ദുർനടത്തിപ്പുകാരും വെപ്പാട്ടികളുമാണെന്നാണ് സുരേഷ് പറഞ്ഞത്. ഇതിന് എതിരെ കോളേജിലെ അധ്യാപികമാർ പാറശാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി.നായരും ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് പരാതി നൽകി. കോളേജ് മാനേജ്മെന്‍റും അധ്യാപികമാർക്ക് ഒപ്പമാണ്. അനാശാസ്യവും ആഭാസവുമാണ് അധ്യാപികമാർ കോളേജിൽ നടത്തുന്ന എന്ന പരാമർശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്‍റിന് എതിരെ നടപടി വേണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാകുകയാണ്.