കുസാറ്റില്‍ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനങ്ങള്‍; തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റിയുടെ ആവശ്യം

Jaihind Webdesk
Sunday, June 9, 2024

 

തിരുവനന്തപുരം: കുസാറ്റില്‍ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനങ്ങള്‍ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. അധ്യാപകരുടെ അധ്വാന ഭാരം പുന:നിര്‍ണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന വിസിമാര്‍ സ്ഥിരം അധ്യാപക നിയമനങ്ങള്‍ നടത്താതിരിക്കുമ്പോഴാണ് കുസാറ്റില്‍ താല്‍ക്കാലിക വിസി സംവരണം അട്ടിമറിച്ച് നിയമനങ്ങള്‍ നടത്താന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വിസിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡോ.എന്‍.കെ. ശങ്കരന്‍റെ സേവന കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കി നില്‍ക്കേ തിരക്കിട്ട് അസിസ്റ്റന്‍റ് പ്രൊഫസ്സര്‍മാരെ കൂട്ടത്തോടെ നിയമിക്കുന്നത്.

സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ക്ക് അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികകള്‍ വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു വേണ്ടി സൗകര്യപൂര്‍വ്വം മറ്റ് ചില വകുപ്പുകളിലേക്ക് മാറ്റി വിജ്ഞാപനം ചെയ്തത് ചട്ടവിരുദ്ധമാണ്.  വ്യാപകമായ അധ്യാപക നിയമനങ്ങള്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റില്‍ പുതിയ നിയമനങ്ങള്‍ മൂന്ന് കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അധ്യാപകരുടെ അധ്വാന ഭാരം പുന:നിര്‍ണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സംവരണം പൂര്‍ണമായി അട്ടിമറിച്ചു കൊണ്ടുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.