തസ്മിദ് നാഗർകോവിലിൽ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി; അന്വേഷണം വീണ്ടും കന്യാകുമാരിയിലേക്ക്

Jaihind Webdesk
Wednesday, August 21, 2024

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിനി തസ്മിദ് തംസത്തിനെ കാണാതായതിൽ വീണ്ടും കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തസ്മിദ് നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങുകയും, പ്ലാറ്റ് ഫോമിലുള്ള പൈപ്പിൽ നിന്ന് വെള്ളം പിടിച്ചതിനു ശേഷം ട്രയിനിലേക്ക് തിരികെ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിനിന്‍റെ മുന്നിലെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുന്ന കുട്ടി രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയാണ് വെള്ളം ശേഖരിച്ചത്.

നാ​ഗർകോവിൽ കഴിഞ്ഞാൽ കന്യാകുമാരിയാണ് അടുത്ത സ്റ്റേഷൻ. ഇതിനിടയിൽ മറ്റു സ്റ്റേഷനുകളില്ലാത്തതിനാൽ കുട്ടി കന്യാകുമാരിയിൽ ഇറങ്ങാനെ സാധ്യതയുള്ളു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒരിക്കൽ കൂടി കന്യാകുമാരി സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കഴക്കൂട്ടം എസ്ഐ ശരത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകൾ ഒന്നും കിട്ടിയില്ല. കുട്ടി തന്‍റെ അടുക്കൽ എത്തിട്ടില്ലെന്ന് ബംഗളുരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ കന്യാകുമാരിയിലെ അന്വേഷണം തുടരാനാണ് പോലീസിന്‍റെ തീരുമാനം.