ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് നാളെ മുതല്‍; വാഹനനികുതി, ഭൂനികുതിയില്‍ അടക്കം വര്‍ധനവ്

Jaihind News Bureau
Monday, March 31, 2025

സംസ്ഥാനത്തെ വാഹനനികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കമുള്ളവ നാളെ മുതല്‍ വര്‍ധിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളാണ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ നാളെ മുതല്‍ പ്രാബല്യത്തില്‍ വരിക. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന ഏപ്രില്‍ മുതല്‍ ഉണ്ടാകും.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും ചെയ്യില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരാണ് ജനത്തിന്റെ നടുവൊടിക്കുന്ന തീരുമാനങ്ങളുമായി രംഗത്ത് വരുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളാണ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ നാളെ മുതല്‍ പ്രാബല്യത്തില്‍ വരിക. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന ഏപ്രില്‍ മുതല്‍ ഉണ്ടാകും. 15 വര്‍ഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും നികുതി 900 രൂപയില്‍ നിന്ന് 1,350 രൂപയായാണ് വര്‍ധിക്കുന്നത്. ചെറുകാറുകള്‍ക്ക് ഇപ്പോഴുള്ള 6400 രൂപ എന്നത് ഒമ്പതിനായിരത്തി അറുനൂറ് രൂപയായി വര്‍ധിക്കും. 8,600 രൂപ നികുതിയുള്ള കാറുകള്‍ക്കുള്ള നികുതി ഇനിമുതല്‍ 12900 ആയിരിക്കും. നിലവില്‍ 10600 രൂപ നികുതിയുള്ള കാറുകള്‍ക്ക് ഇനിമുതല്‍ 15,900 രൂപ നല്‍കേണ്ടിവരും. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയിലും വര്‍ധനവ് ഉണ്ടാകും 15 ലക്ഷം രൂപ വരെയുള്ള അഞ്ചു ശതമാനവും 15 മുതല്‍ 20 ലക്ഷം രൂപ വരെയുള്ള എട്ടു ശതമാനവും 20 ലക്ഷത്തിനും മേല്‍ 10 ശതമാനവും നികുതി നല്‍കണം ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിലവിലുള്ള 5% ആയി തന്നെ തുടരും. ബസുകള്‍ക്കുള്ള ത്രൈമാസ നികുതിയില്‍ 10 ശതമാനം കുറവ് വരും. ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനവാണുണ്ടാവുക. 23 ഇനം കോടതി ഫീസുകളും വര്‍ദ്ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ 21 ശതമാനം ക്ഷാമബത്ത കുടിശ്ശികയില്‍ മൂന്ന് ശതമാനം ഏപ്രില്‍ മുതല്‍ നല്‍കും എന്നിങ്ങനെയാണ് മാറ്റങ്ങള്‍.