അസം മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു

Jaihind News Bureau
Monday, November 23, 2020

 

ന്യൂഡല്‍ഹി: അസം മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  വൈകിട്ടോടെയായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.

2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും തരുണ്‍ ഗൊഗോയ് ആണ്. 1934 ഒക്ടോബര്‍ 11ന് അസമിലെ ജോര്‍ഹതിലെ രംഗജന്‍ തേയില എസ്റ്റേറ്റിലായരുന്നു ജനനം. അച്ഛന്‍ ഡോ. കമലേശ്വര്‍ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്. അസം ഗുവാഹത്തി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.

1968 ല്‍ ജോര്‍ഹത് മുനിസിപ്പല്‍ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976 ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1997 ല്‍ മാര്‍ഗരിറ്റ മണ്ഡലത്തില്‍നിന്ന്‌നിന്ന് അസം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ ടിറ്റബര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.