താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസർ അറസ്റ്റില്‍

Jaihind Webdesk
Monday, May 8, 2023

 

മലപ്പുറം: താ​നൂ​രിൽ ഉ​ല്ലാ​സ​ബോ​ട്ട്​ മു​ങ്ങി 22 മരിക്കാനിടയായ സംഭവത്തിൽ ബോട്ടുടമ നാസർ അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന നാസറിനെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് ഉല്ലാസബോട്ട് സർവീസിന് ഉപയോഗിച്ചത്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ സഹായം നാസറിന് ലഭിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.

22 പേരുടെ മരണത്തിന് ഇടയാക്കിയ അറ്റ്ലാന്‍റിക്ക് (Atlantic) എന്ന വിനോദയാത്രാ ബോട്ട് ഉടമ നാസറിന് ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചിരുന്നു. ചട്ടം ലംഘിച്ച് നിർമ്മിച്ച ബോട്ടിന് 10,000 രൂപ ഈടാക്കി സർവീസ് നടത്താൻ അനുമതി നൽകി എന്നാണ് പുറത്തുവരുന്ന വിവരം. മാരിടൈം ബോർഡ് സിഇഒ ആണ് ഇങ്ങനെ ഒരു നിർദ്ദേശം നൽകിയത്. ചട്ടപ്രകാരം ബോട്ട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യമാണ്. എന്നാല്‍ അനുമതി വാങ്ങാതെയാണ് നാസര്‍ ബോട്ട് നിര്‍മ്മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതു ക്രമവത്ക്കരിക്കാനാണ് സിഇഒ ഇടപെട്ടത്. ബോട്ടിന് രജിസ്ട്രേഷൻ ഇല്ലെന്ന് രജിസ്റ്ററിംഗ് അതോറിറ്റിയും അറിയിച്ചു.

ബോട്ടുകൾക്ക് അനുമതി നൽകുന്ന തുറമുഖ വകുപ്പിനു കീഴിലുള്ള റജിസ്റ്ററിംഗ് അതോറിറ്റിയുടെ അധ്യക്ഷനും ആലപ്പുഴ പോർട്ട് ഓഫീസർക്കും മാരിടൈം ബോര്‍ഡ് സിഇഒ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അയച്ച കത്തിലാണ് അനധികൃത ഇടപെടലിന്‍റെ സൂചനകളുള്ളത്. ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നരഹത്യാകുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. നാലു ജീവനക്കാർ ബോട്ടിലുണ്ടായതിരുന്നെങ്കിലും ജീവനക്കാരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് പോലീസ് പറയുന്നു. ബോട്ട് സർവീസ് നടത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പോലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് ഉല്ലാസബോട്ട് സർവീസിന് ഉപയോഗിച്ചത്. വളരെ കുറച്ചു പേർക്ക് ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് മാത്രമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.