താനൂർ ബോട്ടപകടം; ജുഡീഷ്യൽ അന്വേഷണം നടത്തും; 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം; മുഖ്യമന്ത്രി

Jaihind Webdesk
Monday, May 8, 2023


മലപ്പുറം: താനൂർ ബോട്ടപകടം സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം സർക്കാർ നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പോലീസിന്‍റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി താനൂരിൽ പറഞ്ഞു.

അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂരിൽ ഇന്നലെ നടന്ന ബോട്ട് അപകടത്തില്‍ 22 പേരാണ് മരിച്ചത്.