പ്രളയക്കെടുതിയില്‍ തെക്കന്‍ തമിഴ്‌നാട്; നദികള്‍ കരകവിഞ്ഞു, കന്യാകുമാരി വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു

Jaihind Webdesk
Monday, December 18, 2023

പ്രളയക്കെടുതിയില്‍ തെക്കന്‍ തമിഴ്‌നാട്. കനത്തമഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയും മതിലിടിഞ്ഞ് വീണും രണ്ടുപേര്‍ മരിച്ചു. നഗരങ്ങളടക്കം വെള്ളത്തില്‍ മുങ്ങി. അണക്കെട്ടുകള്‍ നിറഞ്ഞ് നദികള്‍ കരകവിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. താമരഭരണിപ്പുഴ കരകവിഞ്ഞതോടെ ഒട്ടേറെ മുതലകള്‍ തിരുനെല്‍വേലി അരുണ്‍കുളം ഭാഗത്തേക്ക് ഒഴുകിയെത്തി. അഞ്ചു ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. 40 ട്രെയിനുകള്‍ റദ്ദാക്കി. മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയംമൂലം സ്ഥിതി രൂക്ഷമായത്. വിരുദനഗര്‍ രാജപാളയത്തെ വീട്ടില്‍ വെള്ളം കയറിയോതോടെയാണ് വയോധിക മരിച്ചു. തിരുനെല്‍വേലി പാളയക്കോട്ടയില്‍ മതില്‍ ഇടിഞ്ഞ് വീണും ഒരാളും മരിച്ചു. കന്യാകുമാരിയിലും , നാഗര്‍കോവിലിലും 200ലധികം വീടുകള്‍ വെള്ളത്തിനടിയിലായി. തൂത്തുക്കുടി ജില്ലയിലെ വ്ലാത്തികുളത്ത് പല ഗ്രാമങ്ങളും വെള്ളത്തിലാണ്. തടയണകള്‍ തകര്‍ന്നു റോഡിന് മുകളിലൂടെ വെള്ളമൊഴുകയാണ്. വ്ലാത്തികുളം-തൂത്തുക്കുടി റോഡ് അടച്ചു. ശക്തമായ കാറ്റിനെതുടര്‍ന്ന് കന്യാകുമാരി വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു. തിരുനെല്‍വേലി പാളയകോട്ടയില്‍ 150 വര്‍ഷത്തിനിടെ എറ്റവും ശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയില്‍ 245 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തൃച്ചന്തൂര്‍ – പാലക്കാട് എക്‌സ്പ്രസ്സ്, ചെന്നൈ – തൂത്തുക്കുടി വന്ദേ ഭാരത് തുടങ്ങി 40 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുച്ചെന്തൂര്‍ മേഖലയില്‍ വൈദ്യുതി നിലച്ചു. മധുര, വിരുതനഗര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.തൂത്തുക്കുടി, തേനി, നീലഗിരി, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ മേഖലകളിലും മഴ ശക്തമാകും. തേനി, വിരുദനഗര്‍, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.