കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് തമിഴ്നാട് ; 5 ലക്ഷം രൂപ സ്ഥിരനിക്ഷേപം, വിദ്യാഭ്യാസച്ചെലവ്

Jaihind Webdesk
Saturday, May 29, 2021

Stalin-DMK

ചെന്നൈ : കൊവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം ആരംഭിക്കുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

മാതാവോ പിതാവോ ആരെങ്കിലും ഒരാള്‍ മരിച്ചുപോയ കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. സര്‍ക്കാര്‍ വക അനാഥാലയങ്ങളില്‍ താമസിക്കാത്ത, ബന്ധുക്കളുടേയോ മറ്റോ കൂടെ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കാനാണ് തീരുമാനം. ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കും. എല്ലാ ജില്ലകളിലും ഇത്തരം കുട്ടികളുടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. കുട്ടികളുടെ പഠനം, സ്‌പോണ്‍സര്‍ഷിപ്പ്, സുരക്ഷ, വളര്‍ച്ച എന്നിവ പ്രത്യേക സംഘമാവും നിരീക്ഷിക്കുക. അഞ്ചുലക്ഷം സ്ഥിരനിക്ഷേപം കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയവുമ്പോള്‍ പിന്‍വലിക്കാം.

കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നല്‍കുമെന്ന് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇത്തരം കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന്പ്രഖ്യാപിച്ചിട്ടുണ്ട്.