തമിഴ്‌നാടും പൂട്ടുന്നു ; മെയ് 10 മുതല്‍ ലോക്ക്ഡൗൺ, അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി

Jaihind Webdesk
Saturday, May 8, 2021

ചെന്നൈ : കൊവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. മെയ് 10 മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ ഒഴികെയുള്ളവ ലോക്ക്ഡൗൺ കാലത്ത് പ്രവർത്തിക്കില്ല.

അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ലോക്ക്ഡൗൺ കാലയളവില്‍ അനുമതിയുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. പെട്രോള്‍, ഡീസല്‍ പമ്പുകള്‍ പ്രവര്‍ത്തിക്കും.  സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും.

സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. പ്രതിദിന കൊവിഡ് കണക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്‍റെ നടപടി.