കോട്ടയം ഏറ്റുമാനൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അജിത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 18ന് രാത്രി പത്ത് മണിയോടെ ഏറ്റുമാനൂര്‍ സ്വദേശിനി തങ്കമ്മയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശയാക്കി കാതില്‍ കിടന്ന കമ്മലുകള്‍ ബലമായി ഊരിയെടുത്ത ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഇതിന് പിന്നാലെ തങ്കമ്മയുടെ കുടുംബം ഏറ്റുമാനൂര്‍ പോലീസില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കി, തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് തമിഴ്‌നാട് സ്വദേശിയായ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുറച്ചു നാളുകളായി പ്രതി അജിത് ഏറ്റുമാനൂര്‍ പേരൂര്‍ ഭാഗത്തു വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.