തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് വന്‍ വിജയം

Jaihind Webdesk
Tuesday, February 22, 2022

തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് വമ്പന്‍ ജയം. 21 കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,500 ലധികം വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്  നടന്നത്.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ ആകെയുള്ള 200 വാർഡുകളിൽ 153 വാര്‍ഡുകളിലും ഡിഎംകെ ജയിച്ചു.  കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടി. എഐഎഡിഎംകെ 15 സീറ്റിലും വിജയിച്ചു. അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. വിസികെ, സിപിഎം നാല് സീറ്റുകൾ വീതം നേടിയപ്പോൾ എംഡിഎംകെ രണ്ടും സിപിഐ, ഐയുഎംഎൽ, എഎംഎംകെ, ബിജെപി എന്നീ കക്ഷികൾ ഒരു സീറ്റ് വീതവും നേടി.

വിരുദാനഗര്‍ മുനിസിപ്പാലിറ്റി ഇത് ആദ്യമായി ഡിഎംകെ ജയിച്ചു. ഇവിടുത്തെ 36 വാര്‍ഡുകളില്‍ 28ഉം ഡിഎംകെ കോണ്‍ഗ്രസ് സഖ്യം കരസ്ഥമാക്കി. ചെന്നൈ 136 കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ഡിഎംകെയുടെ 22 വയസുള്ള സ്ഥാനാര്‍ത്ഥി നിലവരശി ദുരൈരാജന്‍ ജയിച്ചു. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്ജെന്‍ഡര്‍‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്ക് വിജയിച്ചു. ഫെബ്രുവരി 19 നായിരുന്നു വോട്ടെടുപ്പ്.

രമേശ് ചെന്നിത്തലയായിരുന്നു തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐസിസിയുടെ മുതിർന്ന നിരീക്ഷകന്‍. രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയ കാര്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞതായും മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു.