തമിഴ് സംവിധായകൻ കെ.വി ആനന്ദ് അന്തരിച്ചു

Jaihind Webdesk
Friday, April 30, 2021

തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. ഫോട്ടോ ജേർണലിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച  ആനന്ദ് 90 കളുടെ തുടക്കത്തിൽ ഛായാഗ്രാഹകനായി. സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2005 ൽ പുറത്തിറങ്ങിയ കാന കന്ദൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി. കോ, അയൻ, കാവൻ, കാപ്പൻ തുടങ്ങിയ തമിഴ് ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയവയാണ്.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്‍റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാള ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു. തന്‍റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.  ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. മുതൽവൻ,ബോയ്സ്, ശിവാജി തുടങ്ങിയ ചിത്രങ്ങള്‍ക്കും ആനന്ദാണ് ക്യാമറ ചലിപ്പിച്ചത്. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.