കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് അദ്ധ്യക്ഷനെ തന്നെ കൂട്ടുപിടിച്ചിരിക്കുകയാണ് തമിഴ്നാടിലെ സിപിഎം. തമിഴ്നാട്ടിൽ നിന്നുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചാ വിഷയമായിരിക്കുന്നത്.
മധുര ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഎമ്മിൻറെ എസ് വെങ്കടേശൻറെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററാണ് സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും സ്റ്റാലിന്റെയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീൻറെയും മറ്റ് സഖ്യകക്ഷി നേതാക്കളുടേയും ചിത്രങ്ങൾ വെങ്കടേശൻറെ പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്.
സിപിഎം സ്ഥാനാർത്ഥിയുടെ പ്രചരണപോസ്റ്റർ ആണെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയോ മറ്റ് ദേശീയ നേതാക്കളുടെയോ ചിത്രങ്ങളൊന്നും പോസ്റ്ററിൽ ഇടം പിടിച്ചില്ല എന്നതാണ് ശ്രദ്ധേയമാവുന്നത്.
സിപിഎമ്മിൻറെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശൻ എന്നിവർ മാത്രമാണണ് പോസ്റ്ററിൽ ഇടംപിടിച്ച ഇടത് നേതാക്കൾ. അതേസമയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണസമിതിയാണ് നോട്ടീസുകൾ അടിച്ചിറക്കിയത് എന്നാണ് ഇക്കാര്യത്തിൽ സിപിഎം വിശദീകരണം.