ഇന്ത്യന്‍ എംബസി തുറക്കണമെന്ന് താലിബാന്‍ ; ഐഎസില്‍ ചേർന്ന ഇന്ത്യക്കാർ തിരിച്ചുവരാന്‍ സാധ്യതയെന്ന് റിപ്പോർട്ട്

Jaihind Webdesk
Thursday, September 2, 2021

ന്യൂഡല്‍ഹി : കാബൂളിലെ ഇന്ത്യന്‍ എംബസി  തുറക്കാൻ  ആവശ്യപ്പെട്ട് താലിബാൻ. ഇന്ത്യയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടരണമെന്ന നിർദ്ദേശവും താലിബാൻ മുന്നോട്ടുവച്ചു. ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് താലിബാൻ ആവശ്യമുന്നയിച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്. ഈ സഹകരണം തുടരണമെന്നും താലിബാൻ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല.

ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്ന 25 ഇന്ത്യക്കാരിൽ ജീവിച്ചിരിക്കുന്നവർ മടങ്ങാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നല്‍കി. ഇവർ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാൻ 43 വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നല്‍കി. തുറുമുഖങ്ങൾക്കും നേപ്പാൾ അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾക്കും മുന്നറയിപ്പ് നല്‍കിയെന്നാണ് സൂചന. കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ റഷ്യയുമായി നിരന്തര സമ്പർക്കത്തിലാണെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്‍കുന്നത്.