കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാന്‍; 11 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തില്‍

Jaihind Webdesk
Friday, August 13, 2021

കാബൂള്‍ : അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തെന്ന് താലിബാന്‍. താലിബാൻ കീഴടക്കുന്നത് പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചത്. അതേസമയം അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തും പിടിച്ചെടുത്തതോടെ ആകെയുള്ള 34 പ്രവിശ്യകളിൽ 11 എണ്ണവും ഇപ്പോൾ താലിബാൻ ഭരണത്തിലായി. സർക്കാർ സേന പിൻവാങ്ങിയതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത് താലിബാൻ പിടിച്ചടക്കിയത്.

തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്. തന്ത്രപ്രധാനമായ ഗസ്നി വരുതിയിലാക്കിയ ശേഷമാണ് താലിബാൻ ഹെറാത് കൂടി പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി. ഹെറാതിലെ പൊലീസ് ആസ്ഥാനത്തിന്‍റെ നിയന്ത്രണം ഇപ്പോൾ താലിബാന്‍റെ കൈയിലാണുള്ളത്. ശത്രുക്കൾ ഓടിയതായും നിരവധി സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശപ്പെടുത്തിയതായും താലിബാൻ വക്താവ് പറഞ്ഞു.

ഒരുമാസത്തിനകം താലിബാന്‍ സേന കാബൂള്‍ വളയുമെന്നും മൂന്നുമാസത്തിനുള്ളില്‍ തലസ്ഥാനനഗരം പൂര്‍ണ്ണമായും പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താന്‍ 20 വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് സൈനിക പിന്‍മാറ്റത്തിനൊരുങ്ങുന്നതായി മേയില്‍ അമേരിക്ക അറിയിച്ചതോടെയാണ് താലിബാന്‍ വീണ്ടും പിടിമുറുക്കിത്തുടങ്ങിയത്.

സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി അഫ്ഗാൻ ഭരണകൂടം താലിബാന് മുമ്പിൽ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിർദേശം വെച്ചതായി സൂചനയുണ്ട്. അതിനിടെ, യു.എസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ടു. കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാൻ അമേരിക്ക. മൂവായിരം സൈനികരെ സഹായത്തിന് അയച്ചു. അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയിലുള്ള പങ്ക് തുടരുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.