കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്‍റെ ചട്ടങ്ങള്‍. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾക്ക് മാർക്കറ്റുകളിലെ പ്രവേശനം താലിബാൻ ഭീകരവാദികൾ വിലക്കി. കാൽപ്പാദം പുറത്തുകാണുന്ന തരം ചെരിപ്പുകൾ ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ കഴിഞ്ഞദിവസം തീവ്രവാദികൾ ആക്രമിച്ചു. വീടു നഷ്ടപ്പെട്ടവരെ താത്കാലികമായി പാർപ്പിച്ചിരിക്കുന്ന കാബൂളിലെ പാർക്കിനു സമീപം താഖർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം ബൈക്കിൽ യാത്രചെയ്ത പെൺകുട്ടികളെയാണ് കാൽപ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് താലിബാൻ ആക്രമിച്ചത്. അഫ്ഗാനിസ്ഥാന്റെ മൂന്നിൽ രണ്ടുഭാഗവും നിലവിൽ താലിബാന്റെ കൈകളിൽ ആയിക്കഴിഞ്ഞു.
താലിബാന്‍റെ മനുഷ്യാവകാശലംഘനങ്ങളെ ഭയന്ന് മേയ് മാസം അവസാനം മുതൽ ഇതുവരെ 2,50,000 അഫ്ഗാൻ പൗരന്മാർ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ, അഭയാർഥികൾക്കുവേണ്ടിയുള്ള ഏജൻസി വ്യക്തമാക്കുന്നു. ഇതിൽ എൺപതു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തുന്നതിന് മുമ്പ് അഞ്ചുവർഷം രാജ്യത്തിന്‍റെ ഭരണം കൈയ്യാളിയ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് കടുത്തനിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം, ജോലി ചെയ്യാനുള്ള അവകാശം, പുരുഷന്മാർ കൂടെയില്ലാതെ സഞ്ചാരസ്വാതന്ത്ര്യം എന്നിവയെല്ലാം താലിബാൻ കർശനമായി വിലക്കിയിരുന്നു.
യു.എസ് സൈനിക സഹായത്തോടെ താലിബാനിൽ നിന്ന് അഫ്ഗാൻ ഭരണം തിരിച്ചുപിടിച്ചശേഷം രാജ്യത്തെ സ്ത്രീകൾ വിദ്യാഭാസപരമായും തൊഴിൽ പരമായും വലിയ മുന്നേറ്റം നടത്തിയിരുന്നു. വീണ്ടും അഫ്ഗാൻ ഭരണം തീവ്രവാദ ശക്തികളുടെ കൈകളിൽ അമരുമ്പോൾ സ്ത്രീകളിലേറെയും വീടുകളിൽ അടച്ചു കഴിയുകയാണ്.