താലിബാന്‍ കാബൂളിനരികില്‍ : നയതന്ത്ര പ്രതിനിധികളെ രാജ്യങ്ങള്‍ തിരിച്ചുവിളിക്കുന്നു

Jaihind Webdesk
Saturday, August 14, 2021

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക്   താലിബാന്‍ തീവ്രവാദ സംഘമെത്തുന്നു. കാബൂളില്‍ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് ഇപ്പോള്‍ താലിബാന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്. ഉടന്‍ കാബൂളും താലിബാന്‍ പിടിച്ചടക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി എംബസികള്‍.

പ്രധാന പട്ടണമായ മസരി ഷരീഫില്‍ താലിബാന്‍ ആക്രമണം ആരംഭിച്ചു. നേരത്തെ താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസരി ഷെരീഫിനെ വളഞ്ഞിരിക്കുകയാണ്. ഇതേത്തുടർന്ന് തലസ്ഥാന നഗരത്തില്‍ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങി. ബ്രിട്ടണ്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാനും വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ പകുതിയിലേറെ പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറും താലിബാന്‍ കഴിഞ്ഞദിവസം നിയന്ത്രണത്തിലാക്കിയതില്‍ ഉള്‍പ്പെടുന്നു.

അതേസമയം സുരക്ഷാസേനയെ വീണ്ടും താലിബാനെതിരേ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി വ്യക്തമാക്കി. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ ഗൗരവമേറിയ നടപടികള്‍ എടുക്കും.’ അഷ്റഫ് ഗാനി പറഞ്ഞു. താലിബാനോട് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന സൂചനകള്‍ നല്‍കുന്നതാണ് ഗാനി സര്‍ക്കാരിന്റെ പുതിയ നീക്കം.