NIMISHAPRIYA| വധശിക്ഷ റദ്ദാക്കിയെന്നത് കള്ളം: നിമിഷ പ്രിയയുടെ മോചനവാര്‍ത്ത തള്ളി തലാലിന്റെ സഹോദരന്‍

Jaihind News Bureau
Tuesday, July 29, 2025

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കന്തപുരം എ പി അബൂബക്കറിന്റെ ഓഫീസിന്റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം രംഗത്ത്. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ഫത്താഹ് മഹ്ദി അറിയിച്ചു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍, സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷ പ്രിയയുടെ വധശിക്ഷ പൂര്‍ണ്ണമായി റദ്ദാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഇത് നിമിഷ പ്രിയയുടെ കുടുംബത്തിനും കേരളത്തിനും വലിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് തലാലിന്റെ കുടുംബത്തിന്റെ കടുത്ത നിഷേധം വരുന്നത്.

വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ മുതല്‍ തലാലിന്റെ കുടുംബം ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗവും നടന്നിട്ടില്ലെന്നും, തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും അബ്ദുല്‍ഫത്താഹ് മഹ്ദി പറയുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന തങ്ങളുടെ ആവശ്യം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളെയോ ദിയാധനത്തെ (ബ്ലഡ് മണി) യോ അംഗീകരിക്കില്ലെന്ന് കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ പോലും, മാധ്യസ്ഥ ശ്രമങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ‘ഞങ്ങളുടെ ആവശ്യം ഖിസാസ് (പ്രതികാര നീതി) ആണ്, മറ്റൊന്നുമല്ല, എന്തുവന്നാലും. വധശിക്ഷ നടപ്പാക്കുന്നത് വരെ ഞങ്ങള്‍ പിന്തുടരും. ഒരു മാറ്റിവെക്കലും ഞങ്ങളെ തടയില്ല. ഒരു സമ്മര്‍ദ്ദവും ഞങ്ങളെ ഇളക്കിമറിക്കില്ല. രക്തം വാങ്ങാന്‍ കഴിയില്ല. നീതി മറക്കാന്‍ കഴിയില്ല. ഖിസാസ് വരും, എത്ര ദൂരം വേണമെങ്കിലും – അത് സമയത്തിന്റെ മാത്രം കാര്യമാണ്. ദൈവത്തിന്റെ സഹായത്തോടെ,’ എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്.

ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, യെമന്‍ സര്‍ക്കാരില്‍ നിന്നോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. തലാലിന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നത് നിയമപരമായി അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. യെമനിലെ നിയമമനുസരിച്ച്, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മാപ്പ് നല്‍കാനുള്ള അവകാശമുണ്ട്.

നിമിഷ പ്രിയയെ രക്ഷപ്പെടുത്താനുള്ള ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും ശ്രമങ്ങള്‍ തുടരുകയാണ്. എങ്കിലും, കുടുംബത്തിന്റെ ഈ പുതിയ പ്രസ്താവന നിമിഷ പ്രിയയുടെ മോചനമെന്ന സ്വപ്നത്തിന് വീണ്ടും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. യെമന്‍ അധികൃതരുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് എല്ലാവരും.