‘താജ് മഹലിന്‍റെ പേര് തേജോ മഹാലയ എന്നാക്കണം’: ആഗ്ര നഗരസഭയില്‍ ബിജെപി അംഗം

Jaihind Webdesk
Thursday, September 1, 2022


ആഗ്ര: താജ് മഹലിന്‍റെ പേര് മാറ്റണമെന്ന ആവശ്യത്തിൽ ആഗ്ര മുനിസിപ്പൽ കോർപറേഷൻ യോഗത്തിൽ ബിജെപി അംഗം. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലർ ശോഭാറാം റാത്തോർ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഈ ആവശ്യത്തെ തുടർന്ന് കോർപറേഷൻ യോഗത്തിൽ വാക്കേറ്റമുണ്ടാകുകയും സഭ അനിശ്ചിതകാലത്തേക്ക് നിർത്തി വയ്ക്കുകയും ചെയ്തു. താജ്മഹലിന്‍റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

ശവകുടീരത്തെ മഹൽ എന്ന് വിളിക്കുന്നത് ശരിയല്ല. ഷാജഹാൻ ചക്രവർത്തിയുടെ പത്‌നിയുടെ പേര് അർജുമന്ദ് ബാനോ എന്നാണ്. മുംതാസ് എന്നല്ല. താജ് മഹൽ നിൽക്കുന്ന സ്ഥലം രാജാ ജയ് സിങിൻറെ ഭരണപ്രദേശമായിരുന്നു. മാത്രമല്ല താജ് മഹൽ യഥാർത്ഥത്തിൽ ഒരു ഹൈന്ദവ ക്ഷേത്രമാണ്. മുഗൾ അധികാരികൾ അവിടം അയ്യേറി. തുടങ്ങിയ വാദങ്ങളാണ് ബിജെപി അംഗം ഉയർത്തിയത്.

ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തന്നെ ഈ ആവശ്യം തള്ളിയതായി ബിഎസ്പി കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞതോടെ യോഗത്തിൽ വാക്കുതർക്കമായി. ബഹളം കൂടിയതോടെ മുനിസിപ്പൽ കോർപ്പറേഷൻ യോഗം മേയർ നവീൻ ജെയിൻ സഭ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ആഗ്ര മുനിസിപ്പൽ കോർപ്പറേഷന്‍റെ കാലാവധി ഈ നവംബറിൽ അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പിന് മുന്നോടിയായി താജ്മഹൽ ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ശ്രമം എന്നാണ് സൂചന. ഈ വർഷം മെയ് മാസത്തിൽ അലഹബാദ് ഹൈക്കോടതിയിൽ താജ് മഹൽ ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന് അവകാശപ്പെടുന്ന ഹർജി പരിഗണിക്കുകയും കോടതി തള്ളുകയും ചെയ്തിരുന്നു.