തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

Jaihind Webdesk
Monday, December 16, 2024


ഡല്‍ഹി: ലോകപ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ രോഗം മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത് ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ്. സാക്കിര്‍ ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ്.

തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. അദ്ദേഹം കേരളം പല തവണയായി സന്ദര്‍ശിക്കുകയും എന്നും കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും ആത്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവര്‍ക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു.

സാക്കിര്‍ ഹുസൈന്റെ ജനനം മുംബൈയിലാണ്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.