
ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ആവേശം സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടക്കുന്നു. വാശിയേറിയ ലീഗ് മത്സരങ്ങള്‍ക്കൊടുവില്‍ എട്ട് ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 8 പോയിന്റോടെ ഇന്ത്യ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാനും സൂപ്പര്‍ 8 സീറ്റ് ഉറപ്പിച്ചു.
ഗ്രൂപ്പ് ബിയില്‍ നിന്ന് സിംബാബ്വെയും ശ്രീലങ്കയും മുന്നേറിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പുറത്തായത് ആരാധകരെ ഞെട്ടിച്ചു. അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ലഭിച്ച നിര്‍ണ്ണായക പോയിന്റാണ് സിംബാബ്വെക്ക് തുണയായത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും യോഗ്യത നേടിയപ്പോള്‍, ഗ്രൂപ്പ് ഡിയില്‍ നിന്ന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ആദ്യ രണ്ട് സ്ഥാനക്കാരായി മുന്നിലെത്തി.
യോഗ്യത നേടിയ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് 1-ല്‍ ഇന്ത്യ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരും ഗ്രൂപ്പ് 2-ല്‍ പാകിസ്ഥാന്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവരും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും പ്രമുഖ സ്റ്റേഡിയങ്ങളിലാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊളംബോ, പല്ലെക്കലെ എന്നീ നഗരങ്ങള്‍ ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിടുമ്പോള്‍, സ്വന്തം മണ്ണിലെ മുന്‍തൂക്കം മുതലെടുക്കാന്‍ ശ്രീലങ്കയും തയ്യാറെടുക്കുകയാണ്. വരും ദിവസങ്ങളില്‍ വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.