
മുംബൈ: 2026-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരത്തെച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളില്‍ മാറ്റമില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ കളിക്കാന്‍ തയ്യാറായില്ലെങ്കിലും നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനിന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കല്ലെന്നും ടീം കൃത്യമായ പ്ലാനിംഗുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ നിന്ന് തങ്ങള്‍ പിന്മാറിയിട്ടില്ലെന്നും പാകിസ്ഥാനാണ് വിമുഖത കാണിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ മനോഭാവം വളരെ വ്യക്തമാണ്. പാകിസ്ഥാനുമായി കളിക്കില്ലെന്ന് ഞങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല, അവരാണ് വേണ്ടെന്ന് വെച്ചത്. ഞങ്ങളുടെ യാത്രയ്ക്കുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. കൊളംബോയിലേക്ക് ഞങ്ങള്‍ പോകും. ആദ്യം യുഎസ്എ, പിന്നെ കാനഡ, അത് കഴിഞ്ഞ് കൊളംബോ എന്നിങ്ങനെയാണ് ഞങ്ങളുടെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്,’ എന്ന് സൂര്യകുമാര്‍ പറഞ്ഞു. ടൂര്‍ണമെന്റിലുടനീളം മാച്ച്-റെഡി ആയിരിക്കാനാണ് ടീമിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിസി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രകാരം നിശ്ചയിച്ച വേദിയില്‍ എത്തുക, പരിശീലന സെഷനുകളിലും മീഡിയാ മീറ്റിംഗുകളിലും പങ്കെടുക്കുക തുടങ്ങിയ പ്രീ-മാച്ച് നിബന്ധനകളെല്ലാം ഇന്ത്യ പൂര്‍ത്തിയാക്കും. പാകിസ്ഥാന്‍ ടീം മൈതാനത്ത് എത്തിയില്ലെങ്കില്‍ മാച്ച് റഫറിയുടെ നിര്‍ദ്ദേശപ്രകാരം മത്സരം ഉപേക്ഷിക്കുകയും ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യും. ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നെങ്കിലും ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ അവര്‍ പങ്കെടുത്തേക്കും.
ഫെബ്രുവരി 7-ന് മുംബൈയില്‍ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 12-ന് ന്യൂഡല്‍ഹിയില്‍ നമീബിയയുമായാണ് രണ്ടാം മത്സരം. ഏറെ ആവേശം ഉണര്‍ത്തുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് കൊളംബോയിലാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 18-ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്സുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടും. ഇരു ടീമുകളും ഫൈനലില്‍ എത്തുകയാണെങ്കില്‍ മറ്റൊരു പോരാട്ടത്തിന് കൂടി സാധ്യതയുണ്ടെങ്കിലും പാകിസ്ഥാന്റെ നിലപാട് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.