ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയുന്നു; കിരീടം നിലനിർത്താൻ സൂര്യയും സംഘവും; ഇന്ത്യ ഇന്ന് യുഎസ്എയ്ക്കെതിരെ

Jaihind News Bureau
Saturday, February 7, 2026

ക്രിക്കറ്റ് ലോകം ഏറെ കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടക്കമാകുന്നു. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് ആവേശകരമായ പോരാട്ടങ്ങളാണ് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പടയോട്ടം ആരംഭിക്കുന്നത്. ഏഷ്യ കപ്പ് ഉൾപ്പെടെയുള്ള തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യയുടെ കരുത്തും യുഎസ്എയുടെ വെല്ലുവിളിയും

കഴിഞ്ഞ കുറച്ചു കാലമായി ടി20 ഫോർമാറ്റിൽ അപാരമായ ഫോമിലാണ് ടീം ഇന്ത്യ. 2024 ജൂലൈയ്ക്ക് ശേഷം കളിച്ച 41 മത്സരങ്ങളിൽ 31 എണ്ണത്തിലും വിജയിച്ച ഇന്ത്യ വൻ കരുത്തുമായാണ് എത്തുന്നത്. എന്നാൽ മറുവശത്ത് മോനാങ്ക് പട്ടേൽ നയിക്കുന്ന യുഎസ്എയെ കുറച്ചു കാണാനാവില്ല. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച ചരിത്രമുള്ള അവർ, സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ-യ്ക്കും ന്യൂസിലൻഡിനുമെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ 220-ന് മുകളിൽ സ്കോർ പിറക്കാൻ സാധ്യതയുണ്ടെങ്കിലും, രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് മഞ്ഞ് (Dew) വെല്ലുവിളിയായേക്കാം.

ഇന്ത്യൻ ഇലവൻ: സഞ്ജു പുറത്ത്, ഹർഷിത് റാണയ്ക്ക് പരിക്ക്

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ സംബന്ധിച്ച ഏകദേശ ചിത്രം സന്നാഹ മത്സരങ്ങളോടെ വ്യക്തമായി കഴിഞ്ഞു. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മലയാളി താരം സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ ഇടം ലഭിച്ചേക്കില്ല. പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമിലെത്തും. അവസാന നിമിഷം പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആദ്യ മത്സരത്തിൽ സിറാജ് കളിക്കില്ലെന്നാണ് വിവരം. അഭിഷേക് ശർമ്മ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ ടീമിന്റെ കരുത്താകും.

മറ്റ് മത്സരങ്ങളും പാകിസ്ഥാന്റെ പ്രതിസന്ധിയും

ലോകകപ്പിന്റെ ആദ്യ ദിനത്തിൽ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനാൽ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് സ്കോട്ലൻഡിനെ നേരിടും. കൊൽക്കത്തയിലാണ് ഈ പോരാട്ടം നടക്കുന്നത്. എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ് (C), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.