മഴ ചതിച്ചു; സിംബാബ്‌വെ കുതിച്ചു; ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്

Jaihind News Bureau
Tuesday, February 17, 2026

2026 പുരുഷ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. സിംബാബ്വെ – അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസീസിന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്നും ശ്രീലങ്കയ്ക്കൊപ്പം സിംബാബ്വെയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് പോയിന്റ് മാത്രമുണ്ടായിരുന്ന ഓസ്ട്രേലിയയ്ക്ക് സൂപ്പര്‍ 8ല്‍ എത്താന്‍ മറ്റു ടീമുകളുടെ മത്സരഫലം നിര്‍ണ്ണായകമായിരുന്നു. ഇന്നത്തെ മത്സരത്തില്‍ സിംബാബ്വെ അയര്‍ലന്‍ഡിനോട് പരാജയപ്പെടുമെന്നായിരുന്നു ഓസീസ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും സിംബാബ്വെ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ സിംബാബ്വെയോടും ശ്രീലങ്കയോടും ഏറ്റുവാങ്ങിയ തോല്‍വികളാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായത്. പരിക്കുകളും ടീം സെലക്ഷനിലെ പാളിച്ചകളും മിച്ചല്‍ മാര്‍ഷ് നയിച്ച ടീമിനെ വലച്ചു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിരമിക്കലും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ പരിക്കും ഓസീസ് ബൗളിംഗിന്റെ മൂര്‍ച്ച കുറച്ചു. ടീം പ്രഖ്യാപന വേളയില്‍ തന്നെ പരിചയസമ്പന്നനായ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍ താരം മാര്‍ക്ക് വോ ഈ തീരുമാനത്തെ ‘അവിശ്വസനീയം’ എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം, ചരിത്രപരമായ മുന്നേറ്റമാണ് സിംബാബ്വെ കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിലൂടെ 2022-ന് ശേഷം ആദ്യമായി അവര്‍ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ‘ഞങ്ങള്‍ ഇതൊരു വലിയ നേട്ടമായി കാണുന്നു, കൂടുതല്‍ ആദരവ് നേടിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ എന്ന് സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ പറഞ്ഞു. വെള്ളിയാഴ്ച ഒമാനെതിരെ നടക്കുന്ന മത്സരം ജയിച്ചാലും ഓസ്ട്രേലിയയ്ക്ക് നാല് പോയിന്റ് മാത്രമേ നേടാനാകൂ. ഇതോടെ ആ മത്സരം കേവലം ചടങ്ങായി മാറും. അയര്‍ലന്‍ഡും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.