ഓർത്തുപോയത് പാഞ്ചാലിയെ അപമാനിക്കുന്ന രംഗം; ചരിത്രം ആവർത്തിക്കപ്പെടും, മറക്കാതിരുന്നാല്‍ നന്ന്: ടി. പത്മനാഭന്‍

Jaihind Webdesk
Saturday, January 13, 2024

കണ്ണൂർ: കളക്ടറേറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് അഴിക്കോട് ബ്ലോക്ക്‌ സെക്രട്ടറി റിയാ നാരായണനെ പോലീസ് നിലത്തിട്ട് ചവിട്ടി മുടിയിൽ പിടിച്ച് വലിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കഥാകാരൻ ടി. പത്മനാഭനും രംഗത്തെത്തി. പാഞ്ചാലിയെ അപമാനിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്ന് പ്രതികരിച്ച ടി. പത്മനാഭന്‍, ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമെന്നും അത് മറക്കാതിരുന്നാൽ നന്നെന്നും ഓർമ്മിപ്പിച്ചു.

കണ്ണൂർ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നിഷ്ഠൂരവും അപമാനകരവുമായ നടപടികള്‍ ഉണ്ടായത്. വനിതാ പ്രവർത്തകരുടെ വസ്ത്രം പോലീസ് വലിച്ചു കീറുകയും നിലത്തുവീണ പ്രവർത്തകയുടെ മുടിയിൽ ചവിട്ടിപ്പിടിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് അഴിക്കോട് ബ്ലോക്ക്‌ സെക്രട്ടറി റിയാ നാരായണനെയാണ് പോലീസ് ക്രൂരമായി നിലത്തിട്ട് ചവിട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് മഹിതാ മോഹനനെ പോലീസ് റോഡിൽ കൂടി വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഥാകാരൻ ടി. പത്മനാഭൻ രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ  പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ:

യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധപ്രകടനത്തിൽ വ്യാഴാഴ്ച കണ്ണൂരിൽ ഒരു ദുരന്തമുണ്ടായി. റിയാ നാരായണൻ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാ പോലീസ് നിലത്ത് തള്ളിയിട്ടതിനുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പോലീസുകാർ എല്ലാ ശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു, അവരുടെ വസ്ത്രങ്ങൾ കീറുന്നു, അവർ നിലവിളിക്കുന്നു.

ഈ രംഗം കണ്ടപ്പോൾ ഞാൻ ഓർത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്. പാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രം കീറുന്നു, വലിച്ചിഴയ്ക്കുന്നു. ആരും സഹായത്തിനെത്തുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി ഒരു ശപഥം ചെയ്യുകയുണ്ടായി. കുരുവംശത്തിന്‍റെ നാശത്തിനുശേഷമേ എന്‍റെ അഴിഞ്ഞ ഈ മുടി ഞാൻ കെട്ടുകയുള്ളൂ.

പിന്നീടുണ്ടായത് എന്താണെന്ന് നമുക്കെല്ലാ വർക്കുമറിയാം. ആരെയും വിമർശിക്കാനല്ല ഞാനിതെഴുതുന്നത്. വനിതാ കമ്മീഷൻ ചെയർപേ ഴ്സണെയോ പോലീസിന്‍റെ തലപ്പത്തുള്ളവരെയോ ഒന്നും. ഒരുകാര്യം കൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പവസാനിപ്പിക്കാം -ചരിത്രത്തിന് ഒരു സ്വഭാവ മുണ്ട്, അത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടും. അത് മറക്കാതിരുന്നാൽ നന്ന്.