മലയാളികളുടെ മനസ്സിൽ തട്ടുന്ന രചനകൾ കൊണ്ട് വായനക്കാരുടെ മനസിലിടം നേടിയ പ്രിയപ്പെട്ട എഴുത്തുകാരന് ടി.പത്മനാഭൻ നവതിയുടെ നിറവില്‍. നാടിന് അപമാനം വരുത്തുന്ന പ്രവർത്തിയിൽ നിന്ന് നമ്മൾ എപ്പോഴും വിട്ടു നിൽക്കണമെന്ന് നവതി ദിനത്തിൽ ടി.പത്മനാഭൻ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിലും നടക്കുന്നുണ്ട്. അത് ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ 1931ലാണ് ടി.പത്മനാഭന്റെ ജനനം . അച്ഛന് പുതിയടത്ത് കൃഷ്ണന് നായര്‍. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, മംഗലാപുരം ഗവ. കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1948ല്‍, പതിനേഴാം വയസ്സില്‍ ആദ്യ കഥ. ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. കണ്ണൂരില്‍ അഭിഭാഷകനായി ജീവിതവൃത്തി ആരംഭിച്ച ടി.പത്മനാഭന് പിന്നീട് കൊച്ചി എഫ്എസിടിയില്‍ ഉദ്യോഗസ്ഥനായി. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചു. ഭാര്യ ഭാര്‍ഗവി അഞ്ച് വർഷം മുമ്പ് നിര്യാത ആയതോടെ പള്ളിക്കുന്ന് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ ടി.പത്മനാഭന്റെ താമസം.
കഥയെഴുത്തില്‍ 71വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്ത് ജീവിതത്തിൽ നവതിയുടെ നിറവിൽ എത്തി നിൽക്കുന്നത്. തലയുയര്‍ത്തിപ്പിടിച്ച് എഴുതുകയും നടക്കുകയും ചെയ്ത ടി.പത്മനാഭൻ നവതിയുടെ നിറവിൽ ജയ്ഹിന്ദ് ന്യൂസിനോട് മനസ്സ് തുറന്നു. സമൂഹത്തെ ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ ആയിരുന്നു സംസാരിച്ച് തുടങ്ങിയത്. നാടിന് അപമാനം വരുത്തുന്ന പ്രവർത്തിയിൽ നിന്ന് നമ്മൾ എപ്പോഴും വിട്ടു നിൽക്കണമെന്ന ഉപദേശമായിരുന്നു അദ്ദേഹത്തിന് മലയാളികൾക്ക് നൽകാനുള്ളത്.
ഇതു വരെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒന്നും മുൻകൂട്ടി നിശ്ചയിച്ചതല്ലെന്നും എല്ലാം അങ്ങനെ സംഭവിച്ചതാണെന്നും ജീവിതത്തിൽ സംതൃപ്തനാണെന്നും ടി.പത്മനാഭൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഭിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പന്ത്രണ്ടാമത് ബഷീർ അവാർഡ് ഉൾപ്പടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന് പുരസ്ക്കാരം ഉൾപ്പടെയുള്ള പുരസ്ക്കാരങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്തിനെ തേടിയെത്തിട്ടുണ്ട്. ഇനിയും പുതിയ കഥകൾ രചിക്കുവാനുള്ള ദീർഘായുസ്സ് ടി.പത്മനാഭന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.