ടി.പി ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വത്തിന്‌ 8 വയസ്; ഇനിയും ചോരക്കറ കഴുകിക്കളയാനാകാതെ സിപിഎം

കേരളീയ പൊതു സമൂഹത്തിന്‍റെ മനസിൽ 51 വെട്ടിന്‍റെ മുറിപ്പാടുമായി ടി.പി.ചന്ദ്രശേഖരൻ ഓർമയായിട്ട് ഇന്ന് 8 വർഷം പൂർത്തിയാകുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ടി പിയുടെ ചോരക്കറ കഴുകി കളയാൻ ഇന്നും സിപിഎമ്മിനായിട്ടില്ല.
ചില മനുഷ്യർ അങ്ങനെയാണ്. മരണത്തിന് ശേഷവും പൊതു സമൂഹത്തിന്റെ ജൈവികതയിൽ തഴച്ചങ്ങനെ വളരും. ടി പി ചന്ദ്രശേഖരൻ അവരിൽ ഒരാളാണ്. 2012 മെയ് 4. നിരവധി സമര പോരാട്ടങ്ങളുടെ ചുടു നിണം ഒഴുകിയ ഒഞ്ചിയം വീണ്ടും ചുവന്നു. രാഷ്ട്രീയ വൈരത്തിന്റെ വിഷം പുരട്ടിയ വാളുകളുമായി കൊലയാളി സംഘം ടി.പിയെ വെട്ടി വീഴ്ത്തി. സി പി എമ്മിലെ പ്രത്യയ ശാസ്ത്ര വ്യതിചലനത്തിന് എതിരെ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ച് ആശയപരമായ ചങ്കുറപ്പോടെ നിന്നതിനായിരുന്നു ആ മരണ ശിക്ഷ.

ക്രൂരമായ അരും കൊലയിൽ കേരളീയ സമൂഹം ഒന്നടങ്കം ഞെട്ടി. കൊല സംഘത്തിന്റെ വേരുകൾ ചെന്നെത്തി നിന്നതാകട്ടെ അറിയപ്പെടുന്ന സി പി എം നേതാക്കളിലും. കേസിൽ മൂന്ന് സി പി എം നേതാക്കളും 7 കൊലയാളി സംഘാംഗങ്ങളും ശിക്ഷിക്കപ്പെട്ടു. എന്നാൽ ഇടത് ഭരണത്തിൽ ടി.പി കേസ് പ്രതികൾക്ക് ജയിലിൽ സുഖവാസമാണ്. യഥേഷ്ടം പരോളും ലഭിക്കുന്നു. പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതും പാർട്ടി തന്നെ. വിവാഹം പോലും നടത്തി കൊടുത്തും സി പി എം പ്രതിക്കൂറ് തെളിയിച്ചിട്ടുണ്ട്. പക്ഷേ മരണത്തിന് ശേഷവും ടി.പി ചന്ദ്രശേഖരൻ എത്ര കരുത്തനാണെന്ന് കാലം സി പി എമ്മിനെ ബോധ്യപ്പെടുത്തി.

പൊന്നാപുരം കോട്ടയായി കരുതി പോന്നിരുന്ന വടകരയിൽ പാർട്ടി പിന്നെ പച്ച തൊട്ടില്ല. ടി പി വധത്തിന് ശേഷം നടന്ന നിരവധി തിരഞ്ഞെടുപ്പുകളിൽ ഇതിന് പ്രഹരം ഏറ്റു. ഇനിയിപ്പോൾ കലണ്ടർ താളുകൾ എത്ര മറിഞ്ഞാലും ടി.പി ചന്ദ്രശേഖരന്റെ ചുടു ചോരയിൽ പൊള്ളി അടർന്ന സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖം മിനുക്കി എടുക്കാൻ കാലം ഒരുക്കുന്ന മറവിയുടെ ഔഷധ കൂട്ടുകൾ മതിയാകാതെ വരും.

Comments (0)
Add Comment