ചിട്ടയോടെ പ്രവർത്തനം, കളം നിറഞ്ഞ പ്രചാരണം; കർണാടക ‘കൈ’ കൊടുത്ത കോണ്‍ഗ്രസ് മാജിക്

Jaihind Webdesk
Saturday, May 13, 2023

 

ബംഗളുരു: കർണാടക കോൺഗ്രസിന്‍റെ കൈ പിടിക്കുമ്പോൾ നേട്ടമായത് ചിട്ടയോടെയുള്ള പ്രചാരണം. രാഹുൽ ഗാന്ധി കർണാടകയിലെ കോലാറിൽ നിന്ന് തുടങ്ങി വെച്ച പ്രചാരണ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും അണിനിരന്നത് കോൺഗ്രസിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചു എന്നാണ് വിലയിരുത്തൽ.

കർണ്ണാടകയിലെ അഞ്ച് മേഖലകളിൽ വ്യക്തമായ നേട്ടമുണ്ടാക്കിയായിരുന്നു കന്നട പോരിൽ കോൺഗ്രസിന്‍റെ തിളക്കമാർന്ന വിജയം. 40% കമ്മീഷൻ സർക്കാരിനെ താഴെയിറക്കുമെന്ന കോൺഗ്രസ് വാക്ക് യാഥാർത്യമാകുമ്പോൾ ഈ നേട്ടത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ചിട്ടയോടെയുള്ള പ്രവർത്തനമെന്ന് നിസംശയം പറയാം.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 40 ദിവസം നീണ്ടുന്ന പ്രചാരണ പരിപാടികൾ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, എല്ലാ കുടുംബത്തിലെയും ഗൃഹനാഥമാർക്ക് 2000 രൂപ, പത്ത് കിലോ അരി വീതം ഓരോ കുടുംബങ്ങൾക്ക്, ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമ ബിരുദം നേടിയവർക്ക് 1500 രൂപ വീതവും തൊഴിലില്ലായ്മ വേതനം, മുഴുവൻ സ്ത്രീകൾക്കും കർണാടക ആർടിസിയിൽ സൗജന്യ യാത്ര എന്നീ 5 ഉറപ്പുകൾക്കൊപ്പം പാചകവാതക വില വർധനവ് ഉൾപ്പടെ ഉയർത്തി കാട്ടിയുള്ള പ്രചാരണം കോൺഗ്രസിന്‍റെ ആധികാരിക വിജയത്തിന് കാരണമായി. പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഒറ്റക്കെട്ടായി കർണ്ണാടകയിലെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാന്ഡ് പൂർണ്ണ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ പ്രവർത്തനങ്ങൾക്കുമെല്ലാം മുമ്പില്ലാത്ത വിധമുള്ള ഏകോപനം കർണാടകയിൽ പ്രകടമായിരുന്നു. ചോദ്യങ്ങൾ കൃത്യമായി ചോദിച്ചു, പ്രചാരണങ്ങൾ താഴേത്തട്ടു വരെ എത്തിക്കാൻ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തി. കോൺഗ്രസ് ദേശീയ സംസ്ഥാന നേതാക്കൾ സ്വാധീന മേഖലകളിൽ നടത്തിയ സജീവ ഇടപെടൽ എന്നിവ കോൺഗ്രസിനെ തുണച്ചു. രാഹുൽ ഗാന്ധി കർണാടകയിലെ കോലാറിൽ നിന്ന് പ്രചരണ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷ്യൻ മല്ലികർജ്ജുൻ ഖാർഗെയും പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും അണിനിരന്നത് കോൺഗ്രസിന് കൂടുതൽ കരുത്തേകി എന്ന വിലയിരുത്തൽ ശരിവെക്കുകയാണ് കർണ്ണാടകയിലെ ഇലക്ഷൻ ഫലം.