കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി പള്ളികളിൽ സഭയുടെ സർക്കുലർ പുറത്തിറക്കി. അതിരൂപതയിലെ മുഴുവൻ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും.
ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്ന് സഭ സർക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. കേരള മോഡലിന് ക്രൈസ്തവസമൂഹം നൽകിയ സംഭാവനകൾ സർക്കാർ ഓർക്കണം എന്നും, കുട്ടനാട്ടിലെ നെല്ല് കർഷകരും മലയോര കർഷകരും ദുരിതത്തിൽ ആണെന്നും സർക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനത്തപ്രതിസന്ധി നേരിടുന്നുണ്ടെന്നും, അധ്യാപക- അനധ്യാപക നിയമനങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കുന്നുവെന്നും സഭ കുറ്റപ്പെടുത്തി.
“ക്രൈസതവരുടെ പ്രധാന ദിവസങ്ങളെ സർക്കാർ പ്രവർത്തിദിനങ്ങളാക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിൽ കാണുന്നു”വെന്നും സർക്കുലറിൽ പറയുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എവിടെയെന്നും, റിപ്പോർട്ട് പുറത്ത് വിടാത്തതിന്‍റെ പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ എന്നും കടുത്ത വിമർശനം. അടുത്ത ശനിയാഴ്ച കർഷകരക്ഷനസ്രാണിമുന്നേറ്റ ലോങ്ങ്മാർച്ച് നടത്തും എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.