കൊച്ചി : സിറോ മലബാർ സഭയിൽ കുര്‍ബാന ഏകീകരണം നവംബർ 28 മുതൽ നടപ്പാക്കും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് തീരുമാനം നടപ്പാക്കണമെന്നും സിനഡ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. തീരുമാനം ഒരുമിച്ച് നടപ്പാക്കാൻ സാവകാശം വേണ്ടവർ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളി, തീർത്ഥാടന ഭവനങ്ങൾ എന്നിവിടങ്ങളിൽ നടപ്പാക്കണം. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന്‍ സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍.
എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. അതിനിടെ, സിനഡ് തീരുമാനത്തിനെതിരെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നടത്തുമെന്നും സമിതി അറിയിച്ചു.