ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സീറോ മലബാര്‍ സഭ; നിയമസഭാ തിരഞ്ഞെടുപ്പില്‍ അവഗണനയ്‌ക്കെതിരെ വോട്ടെന്ന് ഫാ. ഫിലിപ്പ് കവിയില്‍

Jaihind News Bureau
Tuesday, January 6, 2026

കൊച്ചി: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സീറോ മലബാര്‍ സഭ. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ചരിത്രപരമായ അനീതിയാണെന്ന് സഭയുടെ മുഖപത്രമായ ‘ദീപിക’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. വോട്ടിനായി മാത്രമുള്ള ന്യൂനപക്ഷ പ്രേമം ആണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സഭയുടെ ആരോപണം.

ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് മൂന്നു വര്‍ഷമായിട്ടും വെളിച്ചം കാണാത്തത് പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലും ആനുകൂല്യങ്ങളിലും ക്രൈസ്തവ വിഭാഗങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നു.
വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ഭരണകൂടം പയറ്റുന്നത്. സമുദായത്തിന്റെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അവഗണനയ്‌ക്കെതിരെ പ്രതികരിക്കുമെന്ന് ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സഭ നിലപാട് വ്യക്തമാക്കിയത്. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ രാഷ്ട്രീയമായി ചിന്തിക്കണമെന്നും, വോട്ടിനെ ഒരു ആയുധമായി ഉപയോഗിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2021-ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിസഭയുടെ പരിഗണനയ്‌ക്കോ ചര്‍ച്ചയ്‌ക്കോ വരാത്തത് ബോധപൂര്‍വമായ അവഗണനയാണ്. ഇത് ചരിത്രപരമായ അനീതിയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളിലും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തഴയപ്പെടുന്നു. ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി ശക്തമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സഭാനേതാക്കളെ കാണുന്നതും ന്യൂനപക്ഷ പ്രേമം നടിക്കുന്നതും രാഷ്ട്രീയ തന്ത്രം മാത്രമാണ്. ഇത്തരം കാപട്യങ്ങള്‍ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു. ക്രൈസ്തവര്‍ക്കിടയിലെ ദരിദ്രവിഭാഗങ്ങളെയും കര്‍ഷകരെയും സഹായിക്കാനുള്ള കമ്മീഷന്‍ ശുപാര്‍ശകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് സമുദായത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഈ അവഗണനയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ലേഖനം മുന്നറിയിപ്പ് നല്‍കുന്നു. ‘വോട്ടിനായി മാത്രം സന്ദര്‍ശനം നടത്തുന്നവരെ വിശ്വസിക്കരുത്’ എന്നും, സമുദായത്തിന്റെ നീതി ഉറപ്പാക്കാത്തവര്‍ക്ക് വോട്ട് നല്‍കേണ്ടതില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ‘ക്രൈസ്തവരുടെ കണ്ണീരും കഷ്ടപ്പാടും കാണാത്ത ഭരണകൂടത്തിന് വോട്ടവകാശത്തിലൂടെ മറുപടി നല്‍കുക തന്നെ ചെയ്യും.’ – ലേഖനത്തില്‍ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഈ കടുത്ത നിലപാട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.